ഐറിഷ് ബ്രേക്‌ഫാസ്റ്
Oct 7, 2017 11:36 · 238 words · 2 minute read
ഐറിഷ് ബ്രേക്‌ഫാസ്റ്
സൂര്യൻ ഉദിച്ചെന്നു ഉറപ്പു വരുത്തി, ഇന്നലെ രാത്രി ഗൂഗിൾ തിരച്ചിലിൽ നിന്നും കണ്ടു വച്ച ‘മസാല’ എന്ന ഇന്ത്യൻ ഹോട്ടലും തേടി ഇറങ്ങി. ചെറിയ മഴ ചാറലും കാറ്റും ഉണ്ട് . കാലാവസ്ഥ മാറാൻ തുടങ്ങി ഇരിക്കുന്നു. അതൊന്നും വക വെക്കാതെ, നല്ല മസാല ദോശയും ഫിൽറ്റർ കോഫിയും സ്വപ്നം കണ്ടു വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളവും, വയറ്റിലെ ഗുളു ഗുളു ശബ്ദവും ഒക്കെ ആയി, ഹോട്ടലിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത്, ഇവിടെ മിക്ക ഹോട്ടലുകളും വൈകീട്ടു 5 നു മാത്രമേ തുറക്കൂ എന്ന് .
വിശന്നു വിഷണ്ണനായി റൂമിൽ തിരികെ വന്നു. എന്തായാലും ഇന്ന് വല്ലതും കഴിച്ചിട്ട് തന്നെ എന്നുറപ്പിച്ചു ഹോട്ടൽ റെസ്റ്റാറ്റാന്റിലേക്ക് വിളിച്ചു, രണ്ടു തരം ഭക്ഷണമാണുള്ളത് കോണ്ടിനെന്റൽ & ഫുൾ ഐറിഷ് ബ്രേക്‌ഫാസ്റ്. കോണ്ടിനെന്റൽ വില കുറവുണ്ട് 7 Euro , മറ്റേതു 10 Euro.
ഹോട്ടൽ റെസ്റ്റാറ്റാന്റിൽ എത്തിയപ്പോഴാണ് ആ വലിയ കറുത്ത സത്യം ഞാൻ മനസിലാക്കിയത് , കോണ്ടിനെന്റൽ എന്ന് പറയുന്നത് തണുത്ത ആപ്പിൾ ഓറഞ്ച് മുതലായ ഫ്രൂട്സ് എല്ലാം ബുഫേ പോലെ ആക്കി വച്ചിരിക്കുന്നതിനെയാണ്, ചൂടുള്ള എന്തെങ്കിലും കഴിക്കാൻ മുട്ടി നിന്ന ഞാൻ, പണം പോയി പവർ വരട്ടെ എന്ന് കരുതി ഫുൾ ഐറിഷ് ബ്രേക്‌ഫാസ്റ് തന്നെ എന്ന് തീരുമാനമെടുത്തു. മെനു കാർഡ് നോക്കിയപ്പോ കുറെ ഓപ്ഷനുകൾ എന്നെ നോക്കി ചിരിക്കുന്നു .
ആദ്യം എല്ലാം ഓരോ പ്ലേറ്റ് പോന്നോട്ടെ എന്ന് പറയാൻ തോന്നിയെങ്കിലും, 4 ആംമതുള്ള ഓപ്ഷനിൽ തന്നെ ടിക്ക് ചെയ്തു , ഫിഷ്.
ദുബായിലെ ഫുഡ് സാഗർ ഹോട്ടലിൽ ചില പ്രഭാതങ്ങളിൽ പോയി തട്ടാറുള്ള രുചിയൂറും പൊറോട്ടയും മത്തി കറിയും മനസ്സിൽ കണ്ട്, ഓർഡർ വരും വരെ, നാട്ടിലെ ചില വിദേശ മദ്യ ഷാപ്പിനു മുന്നിൽ ക്യൂ നിക്കുന്ന സമാധാന പ്രിയരേ പോലെ ഞാനും കാത്തിരുന്നു.
മത്തി / ചാള, അത് ഉണക്കി പുഴുങ്ങി തന്നാൽ എങ്ങനെ ഇരിക്കും അത് തന്നെ അല്ലെങ്കിൽ അതിലും കഷ്ട്ടം . ഏതായാലും ഇത്ര പണം ചിലവാക്കിയതല്ലേ, സങ്കടവും ഗദ്ഗദവും മനസ്സിൽ ഒളിപ്പിച്ചു , സ്പൂണും ഫോർക്കും ഒന്ന് തൊടുക പോലും ചെയാതെ, മൂക്കും പൊത്തി മീനും വായിലിട്ടു വെള്ളവും കുടിച്ചു.
റൂം മുഴുവൻ ഇപ്പൊ മത്തി മണം, വായിൽ സോപ്പിട്ടു കഴുകിയിട്ടും നാറ്റത്തിനൊരു കുറവും ഇല്ല. എന്റെ ആദ്യ ഐറിഷ് ബ്രീക്ഫസ്റ്റ്.